കോഴിക്കോട്: സോഷ്യൽ മീഡിയയിൽ യുവാക്കളെ ആകർഷിച്ചിരുന്ന ഇൻഫ്ലുവൻസർ ഫാത്തിമ നസ്റിം ലഹരി കേസിൽ പിടിയിൽ.
പന്തീരങ്കാവ് ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിലാണ് നിർണായക പിടിത്തം. ഫാത്തിമയും സുഹൃത്തായ കൊണ്ടോട്ടി സ്വദേശി ഷെഫീഖും സഞ്ചരിച്ച കാർ എക്സൈസ് സംഘം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ കാറിനകത്ത് നിന്നും കണ്ടെത്തിയത് 3.2 കിലോഗ്രാം എംഡിഎംഎ. വിപണി വില ഏകദേശം 96 ലക്ഷം രൂപ.
KL 01 CR 3031 നമ്പർ കാറിന്റെ ബോണറ്റിന്റെ ഉൾവശത്തെ റെയിൻ വാട്ടർ റാക്കിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.
തൊണ്ടയാട് ബൈപ്പാസിൽ നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
എക്സൈസ് വിഭാഗം ഏറെ നാളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കർണാടകയിൽ നിന്ന് ലഹരി എത്തിച്ച് കോഴിക്കോട് മേഖലയിൽ വിതരണം നടത്തുന്നതാണ് പ്രധാന പ്രവർത്തനം എന്നാണ് വിവരം.
എക്സൈസ് ഇൻസ്പെക്ടർ ശരത്തിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് & ആന്റി-നാർക്കോട്ടിക് വിഭാഗം, ഇന്റലിജൻസ് ബ്യൂറോ, സ്പെഷ്യൽ സ്ക്വാഡ് എന്നിവ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
