എതിർ ചുഴലി തുടരുന്നു, പക്ഷേ ദുർബലമാകും. 27 ന് ശേഷം വേനൽ മഴയെത്തും
കടുത്ത ചൂടിന് പരിഹാരമായി കേരളത്തിൽ വേനൽ മഴ (Pre-monsoon weather activtiy) മാസം 27 മുതൽ ലഭിക്കാൻ സാധ്യത. വടക്കൻ കേരളത്തിൽ ഉൾപ്പെടെ വേനൽ മഴയെ തടസ്സപ്പെടുത്തിയിരുന്ന Anti Cyclone എന്ന എതിർ ചുഴലി ഇപ്പോഴും മഹാരാഷ്ട്രയ്ക്കും ഉൾനാടൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി നിലകൊള്ളുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിനിലും പറയുന്നു.
മഴക്ക് അനുകൂല അന്തരീക്ഷം വരുന്നു
ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോൾ എതിർ ചുഴലി ഫെബ്രുവരി 25 ഓടെ ദുർബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ൽ എത്തുകയുമാണ്. ഈ സാഹചര്യം കേരളത്തിൽ വേനൽ മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും
എതിർ ചുഴലി എന്ന ചൂടു കെണി
(Heat Trap)
ന്യൂനമർദം (Low Pressure Area - LPA ) ക്കു വിപരീതമായ High-pressure system (HPA) ആണ് എതിർ ചുഴലി. ന്യൂനമർദം ശക്തിപ്പെട്ട് ഉണ്ടാകുന്ന ചുഴലിക്കാറ്റിന് നേർ വിപരീത പ്രവർത്തനം. ന്യൂനമർദങ്ങൾ മഴ നൽകുമെങ്കിൽ എതിർ ചുഴലികൾ വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകും. ഇത് സ്വാഭാവികമായും വേനലിലാണ് ഉണ്ടാകുക എന്നതിനാൽ ചൂടു കൂടുന്ന കെണിയൊരുക്കുയാണ് ഫലത്തിൽ അനുഭവപ്പെടുക.
മഴ മേഘങ്ങളെ തടയും
മേഘങ്ങൾ രൂപപ്പെടുന്ന അന്തരീക്ഷ സാഹചര്യം അതിമർദ്ദ മേഖല തടയും. ഇപ്പോൾ മാംഗോ ഷവർ ( Mango Showers) ലഭിക്കുന്ന സമയമാണ്. അന്തരീക്ഷത്തിൻ്റെ താഴ്ന്ന ഉയരത്തിലും എതിർ ചുഴലിയുടെ സാന്നിധ്യമുള്ളതാണ് ഇത്തരം മേഘരൂപീകരണം തടയുന്നത്. കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിൻ അനുസരിച്ച് എതിർ ചുഴലി സമുദ്ര നിരപ്പിൽ നിന്ന് 3.1 ഉം 5.8 ഉം കി.മി ഉയരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ആർദ്രത കൂടി, ഉഷ്ണം അസഹനീയം
തീരദേശ സംസ്ഥാനമായ കേരളത്തിൽ അന്തരീക്ഷ ആർദ്രത 70 ശതമാനം മുതൽ 85 ശതമാനം വരെയുണ്ട്. ചൂടും അന്തരീക്ഷ ഈർപ്പവും ചേരുമ്പോഴുള്ള താപ സൂചിക 41 ഡിഗ്രിയിൽ അധികം കൂടി നിൽക്കുന്നതാണ് ചൂടിനെ അസഹ്യമാക്കുന്നത്. അറബിക്കടലിൽ നിന്നുള്ള ആർദ്രത പതിവുള്ളതാണെങ്കിലും അതിമർദത്തെ തുടർന്ന് വേനൽ മഴ ആഴ്‌ചകളോളം മാറി നിന്നതാണ് ഇത്തവണത്തെ ചൂടിന് കാരണം.
